This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഇന്ത്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഇന്ത്യ

National Book Trust,India

പുസ്തക പ്രചാരണം, വായനാ വ്യാപനം എന്നിവ ലക്ഷ്യമാക്കി ഭാരതസര്‍ക്കാര്‍ ഡല്‍ഹി ആസ്ഥാനമാക്കി 1957-ല്‍ രൂപീകരിച്ച സ്വതന്ത്രസ്ഥാപനം. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ (എന്‍.ബി.റ്റി) പ്രധാന പ്രവര്‍ത്തനമേഖലകള്‍ പുസ്തക പ്രസാധനം, പുസ്തക പ്രചാരണവും വായനാശീലം വളര്‍ത്തലും, വിദേശങ്ങളില്‍ ഇന്ത്യന്‍ പുസ്തകങ്ങളുടെ പ്രചാരണം, എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും സഹായം, ബാലസാഹിത്യ പരിപോഷണം മികച്ച ഗ്രന്ഥങ്ങളുടെ വിവര്‍ത്തനം എന്നിവയാണ്.

Image:nbt 1.png

എല്ലാ വിഭാഗത്തിലും പ്രായത്തിലുംപെട്ടവര്‍ക്കായുള്ള വായനാ സാമഗ്രികള്‍ ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്നു. കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും നവസാക്ഷരര്‍ക്കുള്ള വായനാ സാമഗ്രികളുമടക്കമാണിത്. ഹിന്ദിയിലും ഇംഗ്ളീഷിലും മറ്റു പതിനഞ്ച് പ്രധാന ഇന്ത്യന്‍ ഭാഷകളിലുമായി സര്‍ഗസാഹിത്യവും വൈജ്ഞാനിക സാഹിത്യവും വിവിധ പരമ്പരകളിലായി ട്രസ്റ്റ് പുറത്തുകൊണ്ടുവരുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളിലെ സാഹിത്യം ആദാന്‍-പ്രദാന്‍ (കൊടുക്കല്‍-വാങ്ങല്‍) പരമ്പരയില്‍ പ്രസിദ്ധീകരിക്കുന്നു. പരിഭാഷകളിലൂടെയാണ് ഈ മഹദ് കൃത്യം നിറവേറ്റുന്നത്. അസമിയ, ബംഗാളി, ഗുജറാത്തി, കന്നഡ, കശ്മീരി, കൊങ്കണി, മലയാളം, മണിപ്പൂരി, മറാഠി, നേപ്പാളി, ഒറിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിനുപുറമേ ചില ബാലസാഹിത്യ കൃതികള്‍ സന്താളിയിലേക്കും നാഗ, ഭൂട്ടിയ, ബോഡോ, ഗാരോ, ഖാസി, കോക്ക് ബോറോക്ക്, ലെപ്ച്ച, ലിംബു, മിഡിംഗ്, മിസോ, നൊവാരി എന്നീ വടക്കു കിഴക്കന്‍ ഭാഷകളിലേക്കും തര്‍ജുമ ചെയ്തുവരുന്നു.

Image:nbt logo.png

പ്രധാനപ്പെട്ടവയെങ്കിലും അവഗണിക്കപ്പെട്ടു കിടന്ന ചില ശാഖകളിലെ പുസ്തങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും ട്രസ്റ്റ് പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു. ശാസ്ത്ര പുസ്തകങ്ങള്‍, സാധാരണ വായനക്കാര്‍ക്ക് പൊതുവിവരങ്ങള്‍ നല്കുന്ന പുസ്തകങ്ങള്‍ എന്നിവ ഇതില്‍പ്പെടും. മൌലിക കൃതികള്‍, തര്‍ജുമകള്‍, പരിഷ്കരിച്ച പതിപ്പുകള്‍ എന്നിവയിലൂടെ നാഷണല്‍ ബുക്ക് ട്രസ്റ്റ് ഏതാണ്ട് 15,000 പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുസ്തക വിപണനത്തില്‍ നൂതനവും അയവുള്ളതുമായ ഒരു നയമാണ് ട്രസ്റ്റ് സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുസ്തകമേളകളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുക വഴി വായനാശീലം വളര്‍ത്തുന്നതില്‍ ട്രസ്റ്റ് ഒരു പ്രധാന പങ്കുവഹിക്കുന്നു. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും പ്രസാധകരുടെ വിവിധ ഭാഷകളിലും ശാഖകളിലുംപെട്ട പുസ്തകങ്ങളുടെ പ്രദര്‍ശനങ്ങളും ട്രസ്റ്റ് നടത്തിവരുന്നു. ഗ്രാമങ്ങളില്‍ നടത്തുന്ന നവസാക്ഷര വായനാസാമഗ്രികളുടെ പ്രദര്‍ശനവും ഇതില്‍പ്പെടും. 1992 സെപ്റ്റംബറില്‍ സഞ്ചരിക്കുന്ന പുസ്തകമേള പദ്ധതി ആരംഭിച്ചശേഷം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമായി അയ്യായിരത്തിലേറെ പുസ്തകമേളകള്‍ ട്രസ്റ്റ് നടത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹി ലോകപുസ്തകമേള ട്രസ്റ്റ് ആണ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രൊഫഷണലായ പുസ്തകമേള എന്നതിനുപരി എഷ്യനാഫ്രിക്കന്‍ രാജ്യങ്ങളിലെ ഏറ്റവും വലിയ പുസ്തകമേളയും കൂടിയാണിത്. രണ്ടുവര്‍ഷത്തിലൊരിക്കലാണ് ലോകപുസ്തകമേള നടത്തുന്നത്. 1972-ലാണ് തുടക്കം. ഇതുവരെ 18 പുസ്തകമേളകള്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് (2008) നടന്നിട്ടുണ്ട്. 18-ാം ലോകപുസ്തകമേള 2008 ഫെ. 10-നാണ് സമാപിച്ചത്.

പുസ്തക വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി പുസ്തകാസൂത്രണം, ഉത്പാദനം, വിപണനം എന്നിവ ട്രസ്റ്റ് നടത്തുന്നു. എല്ലാ വര്‍ഷവും നവംബര്‍ 14 മുതല്‍ 20 വരെ വിദ്യാഭ്യാസ, സാഹിത്യ, പ്രസാധക സ്ഥാപനങ്ങളും സംഘടനകളും പുസ്തകങ്ങളുമായി ബന്ധപ്പെട്ട പരിപാടികളും മത്സരങ്ങളും പുസ്തക പ്രദര്‍ശനങ്ങളുമായി ദേശീയ പുസ്തകവാരം ആചരിക്കുന്നു. പ്രാദേശിക ഗ്രാമീണ തലങ്ങളില്‍ പുസ്തകമേളകള്‍ സംഘടിപ്പിക്കുന്നതിനുപുറമേ, വര്‍ഷത്തിലൊരിക്കല്‍ ഓരോ ദേശീയ പുസ്തകമേള അഹമ്മദാബാദ്, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ചെന്നൈ, ചണ്ഡീഗഡ്, ജയ്പൂര്‍, ന്യൂഡെല്‍ഹി, പാട്ന, ബാംഗ്ളൂര്‍, ഭോപ്പാല്‍, മുംബൈ, ലഖ്നൗ, ഹൈദരാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിലായി നടത്തുന്നുണ്ട്.

വിദേശങ്ങളില്‍ ഇന്ത്യന്‍ പുസ്തകങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ട്രസ്റ്റ് അന്താരാഷ്ട്ര പുസ്തകമേളകളില്‍ പങ്കെടുത്ത് ഇന്ത്യന്‍ പ്രസാധകരുടെ തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നു. 2006-ലെ ഫ്രാങ്ക് ഫര്‍ട്ട് പുസ്തകമേളയില്‍ ഇന്ത്യയായിരുന്നു അതിഥി രാജ്യം. ജര്‍മനിയിലെ ഫ്രാങ്ക് ഫര്‍ട്ടില്‍ എല്ലാകൊല്ലവും നടക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയാണ് ലോകത്തെ ഏറ്റവും വലിയ പുസ്തകമേള. പ്രസാധനരംഗത്ത് ഒരു രാജ്യത്തിനുള്ള മേന്മ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരവസരമാണ് ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള. എല്ലാകൊല്ലവും ഓരോ രാജ്യത്തെ അതിഥി രാജ്യമായി അവര്‍ ക്ഷണിക്കുന്നു. രണ്ടുതവണ ഇങ്ങനെ ക്ഷണിക്കപ്പെട്ട ബഹുമതി ഇന്ത്യയ്ക്കു മാത്രമാണ്. രണ്ടുതവണയും എന്‍.ബി.റ്റി.യാണ് ഇന്ത്യന്‍ പ്രസാധകസംഘത്തിന് നേതൃത്വം നല്കിയത്.

എന്‍.ബി.റ്റി.യുടെ കീഴില്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലെ ബാലസാഹിത്യ പ്രസാധനത്തെ നിരീക്ഷിക്കാനും അന്യോന്യം സഹകരിപ്പിക്കാനും ആസൂത്രണം ചെയ്യാനും സഹായിക്കുന്നതിനുമായി ബാലസാഹിത്യത്തിനുള്ള ദേശീയകേന്ദ്രം (നാഷണല്‍ സെന്റര്‍ ഫോര്‍ ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍) 1993-ല്‍ ആരംഭിച്ചു. ബാലസാഹിത്യത്തിന്റെ ഒരു ലൈബ്രറിയും ഡോക്യുമെന്റേഷന്‍ സെന്ററും ആരംഭിച്ചതിനു പുറമേ ഈ കേന്ദ്രം ശില്പശാലകളും പ്രദര്‍ശനവും നടത്തിവരുകയും ചെയ്യുന്നു.

ഇന്ത്യ-നാടും ജനങ്ങളും, ജനകീയ ശാസ്ത്രപുസ്തകങ്ങള്‍, ആദാന്‍-പ്രദാന്‍, നാടോടി സംസ്കാരം, ദേശീയ ജീവചരിത്ര പരമ്പര, ജനകീയ സാമൂഹ്യ ശാസ്ത്രപുസ്തകങ്ങള്‍, ഇന്ത്യന്‍ ഡയസ്പോറ പഠനങ്ങള്‍, ആഫ്രോ ഏഷ്യന്‍രാജ്യ പഠനങ്ങള്‍, ലോക സാഹിത്യം, തുടര്‍വിദ്യാഭ്യാസ പരമ്പര, സര്‍ഗാത്മക വിദ്യാഭ്യാസ പരമ്പര, നവസാക്ഷരര്‍ക്കുള്ള പുസ്തകങ്ങള്‍, നെഹ്റു ബാലപുസ്തകാലയം, യങ് ഇന്ത്യ ലൈബ്രറി എന്നീ പരമ്പരകളിലൂടെയാണ് നാഷണല്‍ ബുക്ക് ട്രസ്റ്റ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. മലയാളത്തിലും അനേകം വിലപ്പെട്ട പുസ്തകങ്ങള്‍ എന്‍.ബി.റ്റി പുറത്തിറക്കിയിട്ടുണ്ട്. നാരായണഗുരു-സമ്പൂര്‍ണ കൃതികള്‍, ഇ.എം.എസ്. നമ്പൂതിരിപ്പാട്, മുഹമ്മദ് അബ്ദുറഹ്മാന്‍, ഇന്ത്യയിലെ ചിത്രശലഭങ്ങള്‍ തുടങ്ങിയവ അടുത്തകാലത്ത് പുറത്തിറക്കിയ പുസ്തകങ്ങളില്‍പ്പെടുന്നു. അനേകം അന്യഭാഷാകൃതികളുടെ, പ്രത്യേകിച്ചും ബാലസാഹിത്യത്തില്‍, പരിഭാഷകളും മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍